പുസ്തക പരിചയം
| ||
സത്തുക്കള്‍തന്നുച്ഛിഷ്ടമെന്‍ വാണീ സത്തു ഞാനെങ്ങനെ ബോധിക്കുമജ്ഞാനീ (തുക്കാറാമിന്റെ ഒരു 'അഭംഗ'ത്തിന്റെ ആശയം) ശ്രീമദ് ഭഗവദ്ഗീതയ്ക്ക് അനേകം സംസ്‌കൃതഭാഷ്യങ്ങളും ടിപ്പണികളും പഠനങ്ങളും ഉള്ളതിനു പുറമേ പ്രാദേശികഭാഷകളിലും തര്‍ജ്ജമകളും നിരൂപണങ്ങളും ഉണ്ടായിരിക്കെ, ഈ പ്രസാധനം എന്തിന്? ഇതിനുത്തരം ഗ്രന്ഥാരംഭത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ചിലതൊന്നും അവിടെ പറയാന്‍ അവസരം ഇല്ലായ്കയാല്‍ ഈ പ്രസ്താവന അതിനുപയോഗിക്കുകയല്ലാതെ വഴിയില്ല. ഇവയില്‍ ഒന്നാമത്തേത് ഗ്രന്ഥകാരനെപ്പറ്റിയാണ്. നാല്പത്തിമൂന്നു വര്‍ഷം മുന്‍പാണ് ഭഗവദ്ഗീതയുമായി ഞാന്‍ പരിചയപ്പെട്ടത്. 1872-ല്‍ അച്ഛന്‍ രോഗശയ്യയില്‍ കിടക്കെ, 'ഭാഷാവിവൃത്തി'യെന്ന ഭഗവദ്ഗീതാ മറാഠിതര്‍ജ്ജമ വായിച്ചുകേള്‍പ്പിക്കാന്‍ നമുക്കു ചുമതല കിട്ടി. അന്ന് പതിനാറു വയസ്സുണ്ടായിരുന്ന എനിക്ക് ഗീതയുടെ ഭാവാര്‍ത്ഥം തീര്‍ത്തും മനസ്സിലാക്കാന്‍ കെല്പില്ലായിരുന്നു. എന്നാലും ചെറുപ്പത്തില്‍ മനസ്സിനു വന്നുകൂടുന്ന സംസ്‌കാരം ദൃഢമാകുമെന്നതിനാല്‍ അക്കാലത്തുണ്ടായ ഭഗവദ്ഗീതാഭക്തി സ്ഥിരമായി നിന്നു. പില്ക്കാലത്ത് സംസ്‌കൃതവും ഇംഗ്ലീഷും കൂടുതല്‍ പഠിച്ചപ്പോള്‍ ഗീതാസാഹിത്യം ഒട്ടുകൂടുതല്‍ വായിച്ചറിയാന്‍ സൗകര്യവും കിട്ടി. എന്നാലും അന്നെല്ലാം മനസ്സില്‍ അടിഞ്ഞുകൂടിയ ശങ്കകളിലൊന്ന്, സ്വജനത്തോടു യുദ്ധം ചെയ്യുകയെന്നത് ഏറ്റവും ചീത്തക്കാര്യമെന്നു തീരുമാനിച്ചു ദുഃഖിച്ച അര്‍ജ്ജുനനെ യുദ്ധത്തിനു പ്രേരിപ്പിച്ചു കളത്തിലിറക്കാന്‍ ഉപദേശിച്ച ഗീതയില്‍ ബ്രഹ്മജ്ഞാനവും മോക്ഷമാര്‍ഗ്ഗവും എന്തിനു പ്രതിപാദിച്ചിരിക്കുന്നെന്നതാണ്. ഗീതാഭാഷ്യങ്ങളിലൊന്നിലും ഇതിനുത്തരം കിട്ടായ്കയാല്‍ ഈ ശങ്ക ക്രമാധികം വര്‍ദ്ധിച്ചു. എന്നെപ്പോലെ മറ്റാരും ഇങ്ങനെ ശങ്കിച്ചുകൂടായ്കയും ഇല്ല. എന്നാലോ? ഭാഷ്യങ്ങള്‍ വായിച്ച് ഇരിക്കാം, അവയില്‍ ചടഞ്ഞുകൂടാം. ഉത്തരം കിട്ടിയില്ലെങ്കിലും അതേ മാര്‍ഗ്ഗമുള്ളൂ എന്നു വന്നാലോ? അങ്ങനെ വന്നപ്പോള്‍ ഗീതാഭാഷ്യങ്ങളെല്ലാം ചുരുട്ടിക്കെട്ടി മാറ്റിവെച്ച്, ഗീതയുടെ സ്വതന്ത്രാദ്ധ്യയനം ആലോചനാപൂര്‍വ്വം അനേകം തവണ ചെയ്തു. അങ്ങനെ ഭാഷ്യകര്‍ത്താക്കളുടെ പിടിയില്‍നിന്നു മാറി ചിന്തിച്ചപ്പോള്‍, ഗീത നിവൃത്തിപ്രധാനമല്ല, കര്‍മ്മപ്രധാനമാണ് എന്ന ബോധം ഉണ്ടായി. ഏറെ എന്തിനു പറയണം, യോഗമെന്നു ഗീതയില്‍ പറയുന്നതത്രയും കര്‍മ്മയോഗമെന്ന അര്‍ത്ഥത്തിലാണെന്നും ബോധ്യമായി. മഹാഭാരതം, വേദാന്തസൂത്രം, വേദാന്ത ശാസ്ത്രഗ്രന്ഥങ്ങള്‍ എന്നിവയുടെ അദ്ധ്യയനം ഈ വിചാരത്തെ ഉറപ്പിച്ചു. തുടര്‍ന്ന് പലയിടത്തും ഈ ആശയം പ്രസംഗിക്കുകയും കൂടുതല്‍ ചര്‍ച്ചയും നിര്‍ണ്ണയവും ഉണ്ടാകാന്‍ കളമൊരുക്കുകയും ചെയ്തു. ഇവയില്‍ ഒന്നാമത്തെ പ്രസംഗം 1902-ല്‍ നാഗപ്പൂരില്‍വെച്ചും രണ്ടാമത്തേത് കരവീര സങ്കേശ്വരമഠങ്ങളിലെ ജഗദ്ഗുരു ശങ്കരാചാര്യന്മാരുടെ സാന്നിദ്ധ്യത്തില്‍ സങ്കേശ്വരമഠത്തില്‍വെച്ചും നടന്നു. പിന്നെയും പല പ്രസംഗങ്ങളും വാദവിവാദങ്ങളും നടന്നതില്‍ വിശേഷസ്മരണയ്ക്ക് അര്‍ഹനാണ് സ്വര്‍ഗീയ ശ്രീപതിബാബാ ഭിംഗാര്‍ക്കര്‍. അദ്ദേഹത്തിന് ഈ ഗ്രന്ഥം കാണാന്‍ കഴിയാഞ്ഞത് ദുഃഖകരമായി. ഭാഗവതധര്‍മ്മത്തിലെ വിവിധഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍നിന്നാണ് ലഭിച്ചത്. 1902-ലെ പ്രഭാഷണവിവരവും പിന്നീടു നടന്ന പ്രഭാഷണചര്‍ച്ചാദികളും പത്രങ്ങള്‍ വഴിയും മറ്റും വളരെ പ്രചാരമാര്‍ജ്ജിച്ചു. ഏതായാലും ഗീതാധര്‍മ്മം പ്രവൃത്തിപ്രധാനമാണെന്നു നിശ്ചിതമായി. ഇതെഴുതി പുസ്തകമാക്കണമെന്നു നിശ്ചയിച്ചിട്ട് കാലം കുറേക്കഴിഞ്ഞു. ഇന്നു കിട്ടുന്ന ഭാഷ്യങ്ങളിലും മറ്റും കാണാത്ത ഗീതാതാത്പര്യം മാത്രം എഴുതി പ്രസാധനം ചെയ്താല്‍ പോരാ, പ്രാചീനഭാഷ്യകര്‍ത്താക്കളുടെ മതം നമുക്കെന്തുകൊണ്ട് സ്വീകാര്യമല്ലെന്നുംകൂടി അറിയിച്ചില്ലെങ്കില്‍ വായനക്കാര്‍ വല്ലതും ധരിച്ച് ഭ്രമത്തിലാകുമെന്നു തോന്നിയതുകൊണ്ട് അവയെല്ലാംകൂടി ക്രോഡീകരിച്ച് ഒരു താരതമ്യവിവേചനം ചെയ്കയാവും ഉചിതമെന്നു നിശ്ചയിച്ചു. ഇത് പൊടുന്നനെ ചെയ്തുതീര്‍ക്കാവുന്ന ലഘുപ്രവൃത്തിയല്ലതാനും. ഗീതയെ സംബന്ധിച്ച് പുതിയൊരു ഗ്രന്ഥം പ്രകാശിതമാകാന്‍ പോകുന്നു എന്ന് നമ്മുടെ സ്‌നേഹിതരായ ദാജിസാഹേബ്ഖരേയും ദാദാസാഹേബ് ഖാര്‍പഡേയും പ്രഖ്യാപിച്ചെങ്കിലും അന്നും ഇതെഴുതിത്തുടങ്ങിയിരുന്നില്ല. കൈവശം കിട്ടിയ സാമഗ്രികള്‍ പൂര്‍ണ്ണമല്ലാതിരുന്നതാണ് ഇതിനു കാരണം. 1908-ല്‍ ശിക്ഷിക്കപ്പെട്ട് മണ്ഡാലേ ജയിലിലായതോടെ ഇതെഴുതാനുള്ള സാദ്ധ്യതയും കുറഞ്ഞെങ്കിലും ആവശ്യമായ പുസ്തകങ്ങളും മറ്റും ജയിലില്‍ അനുവദിച്ചതോടെ 1910-11 നിടെ (വിക്രമാബ്ദം 1967 കാര്‍ത്തിക ശുക്ല 1-ചൈത്ര കൃഷ്ണ 30 നകം) ഇതിന്റെ ആദ്യത്തെ കയ്യെഴുത്തുപ്രതി മണ്ഡാലേ ജയിലില്‍ തയ്യാറായി. എല്ലാ പുസ്തകങ്ങളും അവിടെ ഇല്ലായിരുന്നതുകൊണ്ട് തിരുത്തും മാറ്റങ്ങളും പൂര്‍ണ്ണമായില്ല. മോക്ഷവും നീതിധര്‍മ്മതത്ത്വവും ഗഹനവിഷയങ്ങളാണ്. പ്രാചീനരും അര്‍വ്വാചീനരുമായ മഹത്തുക്കള്‍ വളരെ വിവേചനം ചെയ്ത വിഷയങ്ങളാണ് ഇവ. ഏത് ഈ ചെറുഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തണം, ഏത് ഉള്‍പ്പെടുത്തേണ്ട എന്ന നിര്‍ണ്ണയവും കഠിനമായിരുന്നു. ഇതിനിടെ ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെയായി നമ്മുടെ അവസ്ഥ. നമ്മുടെ ലൗകികസഖി നേരത്തേ കടന്നുപോയി. അതിനാല്‍ ആയതുപോലെ പ്രസാധനം ചെയ്യാം, വല്ല കുറവും തീര്‍ക്കണമെങ്കില്‍ പിന്നെങ്ങാനും ഏതെങ്കിലും 'സമാനധര്‍മ്മാവ്' ചെയ്തുകൊള്ളട്ടെ എന്നു തീരുമാനിച്ചു. സാംസ്‌കാരികകര്‍മ്മങ്ങള്‍ അപ്രധാനവും ത്യാജ്യവുമായി തള്ളി മോക്ഷം, ബ്രഹ്മജ്ഞാനം, ഭക്തി എന്നിവയാണ് ഗീതയില്‍ പ്രതിപാദിക്കുന്നതെന്ന മതം നമുക്കു സ്വീകാര്യമല്ലെന്ന് നടേ പറയട്ടെ. അതുപോലെ മോക്ഷപ്രാപ്തിമാര്‍ഗ്ഗം ഗീതയില്‍ ഇല്ലെന്ന വാദവും നമുക്കില്ല. നാം ഈ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതെന്താണെന്ന് സംക്ഷിപ്തമായി പറയാം. ഗീതാശാസ്ത്രമനുസരിച്ച് ഓരോ മനുഷ്യന്റെയും പ്രഥമകര്‍ത്തവ്യം ഈശ്വരന്റെ ശുദ്ധസ്വരൂപജ്ഞാനം നേടി അതുവഴി ബുദ്ധിയെ കഴിയുന്നത്ര നിര്‍മ്മലവും പവിത്രവുമാക്കലാണ്. എന്നാല്‍ ഇതല്ല ഗീതയുടെ മുഖ്യവിഷയം. യുദ്ധാരംഭത്തില്‍ അര്‍ജ്ജുനന്‍ മോഹഗ്രസ്തനായി. യുദ്ധം ചെയ്യുന്നത് ക്ഷത്രിയന്റെ കുലധര്‍മ്മമാണ്. കുലക്ഷയം തുടങ്ങിയ പാപങ്ങള്‍ക്ക് ഈ യുദ്ധം നിമിത്തമാകയാല്‍ മോക്ഷവിഘ്‌നം വരുത്തുന്ന ഇത് ചെയ്യാമോ ചെയ്യരുതോ എന്നതാണ് മോഹം. അതിനാല്‍ നമ്മുടെ അഭിപ്രായത്തില്‍ ഈ മോഹത്തെ അകറ്റാന്‍ ശുദ്ധവേദാന്തശാസ്ത്രത്തിന്റെ ചുവടുപിടിച്ച് കര്‍മ്മാകര്‍മ്മങ്ങളും മോക്ഷോപായങ്ങളും വിവേചനം ചെയ്ത് ഇങ്ങനെ നിര്‍ണ്ണയിക്കുന്നു: കര്‍മ്മം ഒരിക്കലും വിട്ടുമാറുകയില്ല. അതിനെ വെടിയുകയുമരുത്. ഈ യുക്തിപ്രകാരം ജ്ഞാനമൂലകവും ഭക്തിപ്രധാനവുമായ കര്‍മ്മയോഗം ഗീതയില്‍ പ്രതിപാദിക്കുകയും ചെയ്യും. ഇങ്ങനെ കര്‍മ്മം ചെയ്താല്‍ പാപം ഏശുകയില്ല. മുക്തി സിദ്ധിക്കുകയും ചെയ്യും. കര്‍മ്മാകര്‍മ്മങ്ങളുടെയും ധര്‍മ്മാധര്‍മ്മങ്ങളുടെയും ഈ വിവേചനത്തിനാണ് ഭൗതികപണ്ഡിതന്മാര്‍ നീതിശാസ്ത്രമെന്നു പറയുന്നത്. സാധാരണരീതിയില്‍ ഗീതാശ്ലോകങ്ങളുടെ വ്യാഖ്യാനമെഴുതി ഇതെങ്ങനെ നിബന്ധിച്ചിരിക്കുന്നു എന്നു കാണിക്കാമെങ്കിലും വേദാന്തം, മീമാംസ, സാംഖ്യം, കര്‍മ്മഫലം, ഭക്തി മുതലായവയുടെ വിവിധവാദങ്ങളും സിദ്ധാന്തങ്ങളും നിരത്തി കര്‍മ്മയോഗം പ്രതിപാദിച്ചിരിക്കുന്നതു ഗ്രഹിക്കാന്‍ ഇവയെപ്പറ്റി ജ്ഞാനം വേണം. എങ്കിലേ ഗീത മനസ്സിലാവൂ. ഇവ ശ്ലോകങ്ങളുടെ വ്യാഖ്യാനത്തില്‍ കൊടുത്താല്‍ സ്പഷ്ടമാവുകയില്ല. അതിനാല്‍ ഇവയെ പ്രകരണങ്ങളായി വിഭജിച്ച് യുക്തികളും പ്രമാണങ്ങളും അന്യധര്‍മ്മങ്ങളുടെ താരതമ്യപഠനവും മറ്റും ചേര്‍ത്ത് കര്‍മ്മയോഗത്തിന്റെ ഒരു സ്വതന്ത്രഗ്രന്ഥമെന്നു വേണമെങ്കില്‍ പറയാവുന്ന ഗീതാരഹസ്യമെന്ന പൂര്‍വ്വാര്‍ദ്ധം രചിച്ചിരിക്കുന്നു. എന്നാല്‍ ഇതുകൊണ്ട് ഗീതാശ്ലോകങ്ങളോരോന്നിന്റെയും വിവരണമാവുകയില്ല. അതിന് ഓരോ ശ്ലോകവും എഴുതി തര്‍ജ്ജമയും പൂര്‍വ്വാപരബന്ധം സൂചിപ്പിക്കുന്നതിനു ടിപ്പണികളും മുന്‍ഭാഷ്യങ്ങളിലെ മാറ്റിമറിച്ച അര്‍ത്ഥങ്ങളുടെ വിവരണവും വായനക്കാര്‍ക്കു മനസ്സിലാക്കാന്‍ കൊടുത്തിരിക്കുന്നു. ഇങ്ങനെ ചെയ്തപ്പോള്‍ ചില സ്ഥലങ്ങളില്‍ ആവര്‍ത്തനം വന്നുകൂടി. അത് അനിവാര്യമായിരുന്നു. ഗീതാരഹസ്യം വേറെ ആക്കിയതുകൊണ്ട് മറ്റു ചില പ്രയോജനങ്ങള്‍കൂടിയുണ്ട്. വേദാന്തം, മീമാംസ, ഭക്തി തുടങ്ങിയ വിഷയങ്ങള്‍ ഗീതയില്‍ എവിടെ, ഭാരതം, സാംഖ്യശാസ്ത്രം, വേദാന്തസൂത്രം, ഉപനിഷത്ത് തുടങ്ങിയ മൂലഗ്രന്ഥങ്ങള്‍ എവിടെ, എങ്ങനെ വന്നു എന്നു ചൂണ്ടിക്കാണിക്കാനും സംന്യാസമാര്‍ഗ്ഗവും കര്‍മ്മമാര്‍ഗ്ഗവും തമ്മില്‍ എന്താണു ഭേദം, മറ്റു ധര്‍മ്മങ്ങളും സിദ്ധാന്തങ്ങളും ഗീതയും തമ്മില്‍ താരതമ്യം ചെയ്ത്, വ്യാവഹാരിക കര്‍മ്മദൃഷ്ടിയില്‍ ഗീതയുടെ മഹത്ത്വമെന്ത് എന്നെല്ലാം പ്രതിപാദിക്കാനും കഴിഞ്ഞു. ഗീതയ്ക്ക് ഇത്രയേറെ ഭാഷ്യങ്ങള്‍ മുന്‍കൂര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നമുക്കിതിന് ഇത്രയേറെ മൗലിക ഉദ്ധരണികള്‍ നല്‌കേണ്ടിവരുമായിരുന്നില്ല. ഇപ്പോള്‍ കാലം വേറെയാണ്. നാമിപ്പോള്‍ നല്കുന്ന ഗീതാര്‍ത്ഥം ശരിയോ എന്ന സംശയം പലര്‍ക്കുമുണ്ടാകാം. അതിനാല്‍ എല്ലായിടത്തും പ്രമാണമെവിടെയെന്നു കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയെല്ലാം ഭാഷയിലാക്കാനും വേണ്ടിടത്തൊന്നും ലോപം കാട്ടിയിട്ടുമില്ല. എന്നാലും സംസ്‌കൃതം അറിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഗ്രന്ഥം വായിച്ചുപോയാല്‍ അര്‍ത്ഥം ഗ്രഹിക്കത്തക്കവണ്ണം രചന നടത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ഒരിക്കല്‍ നിര്‍ത്താതെ വായിച്ചവര്‍ക്കു മനസ്സിലാക്കാം. സംസ്‌കൃതശ്ലോകങ്ങള്‍ക്ക് അര്‍ത്ഥം വിശദമായി നല്കാതിരുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ എല്ലായ്‌പോഴും മൂലശ്ലോകം സന്ദര്‍ഭങ്ങളില്‍ നല്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോഹിനൂര്‍ രത്‌നം ഇവിടെനിന്നു കൊണ്ടുപോയി തേച്ചുമിനുക്കിയപ്പോള്‍ അതിന്റെ മാഹാത്മ്യം വര്‍ദ്ധിച്ചെന്നു കേട്ടിട്ടുണ്ട്. രത്‌നത്തിനു ചേരുന്ന ഈ ന്യായം സത്യത്തിനും ചേരും. അത് തേയാത്ത രത്‌നമാണ്. മിനുക്കിയാല്‍ മതി. ഗീത ഉപദേശിച്ച കാലവും ഇന്നും തമ്മില്‍ വലിയ ഭേദമുണ്ട്. പണ്ടു പറഞ്ഞ രീതിയില്‍ ഇന്നു പറഞ്ഞുകൂടാ. 'കര്‍മ്മം ചെയ്യണമോ വേണ്ടയോ' എന്നായിരുന്നു അന്നത്തെ ചോദ്യം. ഇത് വേണ്ടാത്ത ചോദ്യമാണെന്ന് അന്നു പലര്‍ക്കും തോന്നി. ഇന്നും ചിലര്‍ക്ക് അങ്ങനെ തോന്നുന്നു. നിവൃത്തിമാര്‍ഗ്ഗം മാത്രം മതി എന്ന പക്ഷക്കാര്‍ക്ക് നമ്മുടെ പ്രാചീനര്‍ കണ്ടുപിടിച്ചിരുന്ന പ്രവൃത്തിമാര്‍ഗ്ഗത്തിന്റെ മഹത്ത്വമൊന്നും അറിയാനോ മറ്റോ ഒട്ടും നേരവും ഇല്ല. എല്ലാമിരിക്കട്ടെ; പാശ്ചാത്യദേശീയര്‍ ഭൗതികവാദികളായിട്ടും ഗീതാസിദ്ധാന്തത്തിനോടുപൊരുത്തപ്പെട്ടേ അവര്‍ക്കു സത്യം നിര്‍ണ്ണയിക്കാനായിട്ടുള്ളു. ഗീതാരഹസ്യത്തിലെ താരതമ്യപഠനത്തില്‍ ഇതു വെളിവാക്കാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും ഗീതയുടെ യാഥാര്‍ത്ഥ്യം വെളിവാക്കുകയെന്ന ഉദ്ദിഷ്ടധര്‍മ്മത്തില്‍ നിന്ന് നാം ഒട്ടും പിന്മാറിയിട്ടില്ല. പാശ്ചാത്യപണ്ഡിതന്മാരെ അവഹേളിക്കാതെ അവരുടെ വാദവും ഗീതാശാസ്ത്രവുമായി പൊരുത്തപ്പെടുത്താനാണ് ഏറിയകൂറും ശ്രമിച്ചിട്ടുള്ളത്. പാശ്ചാത്യവിദ്വാന്മാര്‍ പറയുന്നത് കര്‍മ്മാകര്‍മ്മവിവേചനത്തിന്റെ നീതിശാസ്ത്രത്തെപ്പറ്റി ആദ്യഗ്രന്ഥം എഴുതിയത് അരിസ്റ്റോട്ടിലാണെന്നത്രേ. അരിസ്റ്റോട്ടിലിനും മുന്‍പ് മഹാഭാരതത്തിലും ഗീതയിലും ഇവ വിസ്തൃതമായി പ്രതിപാദിച്ചിട്ടുണ്ട് എന്നു മാത്രമല്ല, അതിലും മെച്ചമായ നീതിതത്ത്വവിവേചനം വേറെ ഉണ്ടായിട്ടില്ലെന്നുമാണ് നമ്മുടെ മതം. സംന്യാസികളെപ്പോലെ തത്ത്വജ്ഞാനചിന്തയുമായി ശാന്തജീവിതം നയിക്കണോ, വിവിധ ആഡംബരസഹിതം രാജകീയ ആര്‍ഭാടങ്ങളോടെ ജീവിക്കണോ എന്നതിനെ അരിസ്റ്റോട്ടില്‍ സ്പഷ്ടീകരിക്കുന്നത് ഗീതയിലും ചെയ്തിട്ടുണ്ട്. സോക്രട്ടീസിന്റെ 'മനുഷ്യന്‍ അജ്ഞാനത്താലത്രേ പാപം ചെയ്യുന്നത്' എന്ന സിദ്ധാന്തവും 'ബ്രഹ്മജ്ഞാനത്താല്‍ സമബുദ്ധി വന്നാല്‍ പിന്നെ മനുഷ്യന് പാപം ചെയ്യാനാവില്ല' എന്ന ഗീതാതത്ത്വവും ഒട്ടു സമാനംതന്നെ. അതുപോലെ എപിക്യൂറിയന്‍ സ്റ്റോയിക് മാര്‍ഗ്ഗക്കാരുടെ 'പൂര്‍ണ്ണാവസ്ഥയിലെത്തിയ പരമജ്ഞാനിയുടെ പ്രവൃത്തി എല്ലാവര്‍ക്കും ആദര്‍ശമാണ്' എന്നതും ഗീതയിലെ സ്ഥിതപ്രജ്ഞന്റെ ആദര്‍ശപരതയും സമാനംതന്നെ. ഇതുപോലെ മില്‍, സ്‌പെന്‍സര്‍, കാന്റ് തുടങ്ങിയ ഭൗതികവാദികളായ ശാസ്ത്രജ്ഞന്മാരുടെ, മാനവസമൂഹനന്മയ്ക്ക് കര്‍ത്തവ്യപാലനം ചെയ്യണം എന്നതും ഗീതയിലെ സര്‍വഭൂതഹിതേ രതഃ എന്നതും തുല്യ ആശയങ്ങളാണ്. സര്‍വ്വസമ്മാന്യതയ്ക്ക് ഇത്രയുമെല്ലാം മതിയാകുമെങ്കിലും ഗീത അവിടെ അവസാനിപ്പിക്കാതെ, മോക്ഷം, ഭക്തി, നീതിധര്‍മ്മം എന്നിവയ്ക്കിടയില്‍ ആധിഭൗതികവാദികള്‍ കാണുന്ന വിരോധാഭാസം യഥാര്‍ത്ഥമല്ലെന്നുകൂടി സമര്‍ത്ഥിക്കുന്നു. ജ്ഞാനവും കര്‍മ്മവും തമ്മില്‍ സംന്യാസമാര്‍ഗ്ഗക്കാര്‍ കാണുന്ന വിരോധവും യഥാര്‍ത്ഥമല്ല; ബ്രഹ്മവിദ്യ, ഭക്തി എന്നിവയുടെ മൂലതത്ത്വമാണ് നീതിയുടെയും സത്കര്‍മ്മത്തിന്റെയും ആധാരമെന്നും, ജ്ഞാനം, കര്‍മ്മം, ഭക്തി എന്നിവയുടെ സമന്വയത്താല്‍ ഏതു മാര്‍ഗ്ഗം മനുഷ്യന്‍ ജീവിതത്തില്‍ സ്വീകരിക്കണമെന്നും ഗീത നിര്‍ണ്ണയിക്കുന്നുണ്ട്. ഇങ്ങനെ ഗീത കര്‍മ്മയോഗപ്രധാനമാകയാല്‍ വൈദികസാഹിത്യത്തിലെമ്പാടും 'ബ്രഹ്മവിദ്യാന്തര്‍ഗത (കര്‍മ്മ) യോഗശാസ്ത്ര'മെന്ന പേരില്‍ ഗീത അഗ്രിമസ്ഥാനം കൈവരിച്ചിരിക്കുന്നു. ഗീതാദ്ധ്യയനം എന്നു പറഞ്ഞാല്‍ വൈദികധര്‍മ്മത്തിന്റെ അദ്ധ്യയനമെന്നാണര്‍ത്ഥം. എന്തെന്നാല്‍ ക്ഷരാക്ഷരസൃഷ്ടിയുടെ ക്ഷേത്രക്ഷേത്രജ്ഞ ജ്ഞാനവിചാരം നിര്‍വ്വഹിക്കുന്ന സാംഖ്യം, ന്യായം, മീമാംസ, ഉപനിഷത്ത്, വേദാന്തം തുടങ്ങിയ വേദാന്തശാസ്ത്രങ്ങള്‍ ആകാവുന്നത്ര ഗീതയില്‍ ചര്‍ച്ചചെയ്താണ് ജ്ഞാനമൂലകവും ഭക്തിപ്രധാനവും കര്‍മ്മയോഗപ്രധാനവുമായ അന്തിമരൂപം നല്കിയിരിക്കുന്നത്. ഇന്നു പ്രചാരത്തിലുള്ള വൈദികധര്‍മ്മത്തിന്റെ മൂലരൂപം ഗീതയാണ്. ഗീതയ്ക്കു തുല്യമൊരു ഗ്രന്ഥവും ഈ വൈദികധര്‍മ്മത്തെ പ്രതിപാദിക്കുന്നില്ല. ഇത്രയും എഴുതിയതില്‍നിന്ന് ഗീതാരഹസ്യത്തിലെ വിഷയപ്രതിപാദനരീതി എന്താണെന്ന് വായനക്കാര്‍ക്കു മനസ്സിലായിക്കാണും. ഗീതയുടെ ശാങ്കരഭാഷ്യത്തിലെ മൂന്നാമദ്ധ്യായാരംഭത്തില്‍നിന്ന് പ്രാചീനകാലത്ത് ഗീതയ്ക്കു കര്‍മ്മയോഗ പ്രതിപാദക ഭാഷ്യങ്ങളുണ്ടായിരുന്നെന്ന് അറിവാകുന്നു. ഇന്ന് അവ ഉപലബ്ധമല്ല. അതിനാല്‍ കര്‍മ്മയോഗപ്രധാനമായ ആദ്യത്തെ ഗീതാഭാഷ്യമാണിതെന്നു പറയുന്നതില്‍ അനൗചിത്യമില്ല. ഇതിലെ ചില ശ്ലോകാര്‍ത്ഥങ്ങളും പല വിഷയങ്ങളും പ്രാചീനഭാഷ്യങ്ങളില്‍നിന്നു ഭിന്നമാണ്. പലതും കൂടുതല്‍ വിവരിച്ചിട്ടുമുണ്ട്. ഇങ്ങനെ വിശദീകരിക്കുമ്പോള്‍ പലപ്പോഴും ആവര്‍ത്തനം വന്നുകൂടുന്നത് പരിഗണിക്കാതെയും, ചില പദങ്ങള്‍ ഭാഷയില്‍ പ്രചാരമില്ലാത്തതാകയാല്‍ ഭാഷാര്‍ത്ഥം കൊടുത്തും ഒട്ടൊക്കെ പൂര്‍ണ്ണത കൈവരിക്കാന്‍ യത്‌നിച്ചിട്ടുണ്ട്. എന്നാലും ഗഹനശാസ്ത്രീയവിഷയങ്ങളെ ചുരുക്കിപ്പറയുക ക്ലിഷ്ടമാകകൊണ്ട്, ഭ്രമത്താലും നോട്ടക്കുറവിനാലും മറ്റും ചില കുറ്റവും കുറവും ഈ ഗ്രന്ഥത്തില്‍ വന്നുകൂടിയിരിക്കാം. അവ വായനക്കാര്‍ നിര്‍ദ്ദേശിച്ചുതന്നാല്‍ പരിഹരിക്കാം. ഈ ഗീതാഭാഷ്യം പുതിയൊരു സമ്പ്രദായത്തിന്റെ ആവിര്‍ഭാവം കുറിക്കുന്നുവോ എന്നു സംശയിക്കുന്നവരുണ്ടാകാം. അങ്ങനെ സംശയിക്കേണ്ട. ഗീതാശ്ലോകങ്ങളുടെ സരളാര്‍ത്ഥം വളച്ചുകെട്ടും മാറ്റിമറിക്കലും കൂടാതെ എഴുതിയിരിക്കുകയാണ് ഈ ഭാഷ്യത്തില്‍. ഇനി വല്ല സാമ്പ്രദായികതയും തോന്നുന്നെങ്കില്‍ അത് ഗീതയുടേതാണ്, നമ്മുടേതല്ല. 'മൂന്നുനാലു വഴികാട്ടി എന്നെ തൊന്തരവില്‍ ആക്കരുതേ, ശ്രേയസ്‌കരമായ ഏകമാര്‍ഗ്ഗം കാട്ടണേ' എന്നര്‍ത്ഥത്തില്‍ ഭഗവാനോട് അര്‍ജ്ജുനന്‍ അപേക്ഷിക്കുന്നുണ്ട് (3.2;5.1). ഇതിന്നര്‍ത്ഥം ഗീതയ്ക്ക് 'ഒറ്റ വഴി' ഉണ്ടെന്നാണല്ലോ. മൂലഗീതയ്ക്കു നേരേ നിരാഗ്രഹബുദ്ധിയായി അര്‍ത്ഥം പറഞ്ഞിരിക്കുന്നത്, ഏതെങ്കിലും വിശേഷസിദ്ധാന്തം സ്ഥാപിക്കാനോ, സമ്പ്രദായം തുടങ്ങാനോ അല്ലെന്നു തീര്‍ത്തുപറയട്ടെ. ഇനി പറയാനുള്ളത് വിഷയപ്രവേശത്തില്‍നിന്നു വായനക്കാര്‍ക്കു മനസ്സിലാക്കാവുന്നതാണ്. നമ്മുടേത് പുതിയൊരു കാഴ്ചപ്പാടല്ല എന്നു മാത്രം ഒരിക്കല്‍ക്കൂടി പറഞ്ഞുകൊള്ളുന്നു. ഈ ഗ്രന്ഥം എഴുതി മുഴുമിച്ചത് മണ്ഡാലേയിലാണ്. എഴുതിയത് പെന്‍സില്‍കൊണ്ടായിരുന്നു. വെട്ടും തിരുത്തും ഒട്ടേറെയുണ്ടായിരുന്നു. തിരുത്തിയതു പകര്‍ത്താന്‍ തനിയേ ശ്രമിച്ചിരുന്നെങ്കില്‍ എത്ര കാലംകൊണ്ട് ഇതു തീരുമായിരുന്നു എന്നു പറയാനാവുകയില്ല. എന്നാല്‍ ശ്രീയുത് വാമന ഗോപാലജോശീ, നാരായണ കൃഷ്ണഗോഗടേ, രാമകൃഷ്ണദത്താത്രേയ പരാഡകര്‍, രാമകൃഷ്ണസദാശിവ പിമ്പുടകര്‍, അപ്പാജി വിഷ്ണുകുല്ക്കര്‍ണി തുടങ്ങിയ സജ്ജനങ്ങള്‍ ഉത്സാഹപൂര്‍വം സഹായിച്ചത് അവിസ്മരണീയമാണ്. ഇതുപോലെ കൃഷ്ണാജി പ്രഭാകര്‍ ഖാഡില്കരും, വിശിഷ്യ വേദശാസ്ത്രസമ്പന്ന ദീക്ഷിത് കാശിനാഥശാസ്ത്രിലലേയും ബോംബെയില്‍നിന്നു വന്ന് കയ്യെഴുത്തുപ്രതി വായിച്ച് ഉപയുക്തവും മാര്‍മ്മികവുമായ സൂചനകള്‍ നല്കിയതിനും നമുക്ക് അവരോട് കടപ്പാടുണ്ട്. എന്നാലും ഈ ഗ്രന്ഥത്തിലെ അഭിപ്രായങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വം നമുക്കുതന്നെ. വയലില്‍ വിളയുന്ന ധാന്യം ഭക്ഷണമായി ഉണ്ണുന്നവന്റെ വായിലെത്തുംവരെ എത്രയോ ആളുകളുടെ സേവനം വേണമോ അതുതന്നെയാണ് ഗ്രന്ഥകാരന്റെ, വിശേഷിച്ചും നമ്മുടെ, സ്ഥിതി. അങ്ങനെ ഈ ഗ്രന്ഥപ്രകാശനത്തിനു തുണച്ച അനേകരുണ്ട്. അവരുടെയെല്ലാം പേരിവിടെ എഴുതിയിട്ടില്ലെങ്കിലും അവര്‍ക്കു ധന്യവാദം നല്കി ഈ പ്രസ്താവന സമാപ്തമാക്കുന്നു. പ്രസ്താവന സമാപ്തം. ഇനിയൊന്നു പറയാനുള്ളതിതാണ്. വളരെയേറെ വര്‍ഷങ്ങള്‍ ഈ വിഷയവിചാരവുമായിക്കഴിഞ്ഞു. അതിന്റെ സഹവാസവും ചിന്തയും മനസ്സിനു സമാധാനവും ആനന്ദവും പ്രദാനം ചെയ്തിരുന്നു. അവയിന്ന് ഈ ഗ്രന്ഥത്തിന്റെ രൂപത്തില്‍ വിട്ടുപിരിയുന്നു. ദുഃഖമുണ്ടെങ്കിലും ഈ വിചാരങ്ങളെ, ഒക്കുമെങ്കില്‍ പലിശയോടെ, അല്ലെങ്കില്‍ അങ്ങനെതന്നെ, വരുംതലമുറകള്‍ക്കു നല്കാനായാണല്ലോ നാം സമ്പാദിച്ചത്. അതിനാല്‍ വൈദികധര്‍മ്മത്തിലെ രാജഗുഹ്യമായ ഈ മുത്തുമണിയെ കഠോപനിഷത്തിലെ ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യ വരാന്നിബോധത (3.14) ഉണരൂ! എഴുന്നേല്ക്കൂ! ഭഗവാന്‍ തന്ന വരദാനത്തെ അറിയൂ' എന്ന മന്ത്രപൂര്‍വ്വം ഉദ്ബുദ്ധരായ വായനക്കാര്‍ക്കു മോദപൂര്‍വ്വം സമര്‍പ്പിക്കുന്നു. ഇതില്‍ കര്‍മ്മാകര്‍മ്മങ്ങളുടെ ബീജമെല്ലാം ഉണ്ട്. സൃഷ്ടിനിയമത്തെ ഓര്‍ത്ത് ഇതിലെ ധര്‍മ്മത്തെ അല്പമെങ്കിലും ആചരിച്ചാല്‍ വന്‍സങ്കടങ്ങളൊഴിയുമെന്ന് ഭഗവാന്‍തന്നെ സമാശ്വസിപ്പിക്കുന്നുണ്ട്. ഇതിലധികം എന്തുവേണം? ചെയ്യാതൊന്നും ഉണ്ടാവുകയില്ല. നിങ്ങള്‍ നിഷ്‌കാമബുദ്ധിയോടെ കര്‍മ്മം ചെയ്താല്‍ മതി. തികഞ്ഞ സ്വാര്‍ത്ഥബുദ്ധിയോടെ വീടു നടത്തി ക്ഷീണിച്ചവര്‍ക്കു നേരമ്പോക്കിനോ ലോകം വെടിയാന്‍ തയ്യാറെടുക്കുന്നവര്‍ക്കുവേണ്ടിയോ അല്ല ഗീത രചിക്കപ്പെട്ടത്. പ്രത്യുത, മോക്ഷദൃഷ്ടിയില്‍ ലോകത്തില്‍ എങ്ങനെ കര്‍മ്മം ചെയ്യണം എന്ന് താത്ത്വിക കാഴ്ചപ്പാടില്‍ ഉപദേശിക്കാനും മനുഷ്യവര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥകര്‍ത്തവ്യമെന്ത് എന്നു പറഞ്ഞുതരാനുമാണ്. അതിനാല്‍ ഓരോ മനുഷ്യനും കഴിയുന്നത്ര നേരത്തേ, പ്രായമേറും മുന്‍പേ, ഗൃഹസ്ഥാശ്രമത്തിന്റെ അല്ലെങ്കില്‍ ലൗകികത്തിന്റെ ഈ പ്രാചീനശാസ്ത്രത്തെ, കഴിയുന്നത്ര വേഗം മനസ്സിലാക്കാതിരുന്നുകൂടാ എന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. പുണേ - വൈശാഖം സംവത് 1972 വിക്രമാബ്ദം (ക്രി; 1915-'16 പരി.) ശ്രീമദ് ഭഗവദ്ഗീതാരഹസ്യം വാങ്ങാം |






